ഇതുവരെ പിടിച്ചുനിന്നത് ഹോമിയോ പ്രതിരോധ മരുന്ന് കാരണമെന്ന് വികെ പ്രശാന്ത്; സോഷ്യൽമീഡിയയിൽ വിവാദം
Monday, July 05, 2021
വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന് കോവിഡ് പോസിറ്റീവായി. കഴിഞ്ഞദിവസം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് എംഎൽഎ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു. മുമ്പ് 15 തവണയിലധികം ആന്റിജൻ, ആർടിപിസിആർ ടെസ്റ്റുകൾ നടത്തിയിരുന്നെന്നും കോവിഡ് വാക്‌സിന്റെ രണ്ടും ഡോസും എടുത്തിരുന്നെന്നും എംഎൽഎ പറഞ്ഞു.
അതേസമയം, എംഎൽഎയുടെ ഹോമിയോ പ്രതിരോധ മരുന്ന് സംബന്ധിച്ച പരാമർശം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. കോവിഡ് തുടക്കം മുതൽ പൊതു സമൂഹത്തിൽ തന്നെ ഉണ്ടായിട്ടും തനിക്ക് കോവിഡ് ബാധിക്കുന്നത് കഴിഞ്ഞദിവസം മാത്രമാണെന്നും ഇതുവരെ പിടിച്ച് നിൽക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് തന്റെ ധാരണയെന്നുമാണ് വികെ പ്രശാന്ത് പ്രതികരിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
വികെ പ്രശാന്ത് എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്:
പ്രിയമുള്ളവരെ ഇന്നലെ നടത്തിയ RTPCR ൽ പോസിറ്റീവ് ആയി. അടുത്ത ദിവസങ്ങളിൽ ഇടപഴകിയവർ ശ്രദ്ധിക്കുക.
കോവിഡ് തുടക്കം മുതൽ ഇന്നുവരെ പൊതു സമൂഹത്തിൽ തന്നെ ആയിരുന്നു. 15 തവണയിലധികം ആന്റിജൻ, RTPCR ടെസ്റ്റുകൾ നടത്തി.
കഴിഞ്ഞ ആഴ്ച്ചയിലാണ് കോവാക്‌സിൻ രണ്ടാം ഡോസ് എടുത്തത്. അതുവരെ പിടിച്ച് നിൽക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ ധാരണ.