പ്രണയാഭ്യർഥന നിരസിച്ച യുവതിയുടെ സ്ഥാപനത്തിൽ കഞ്ചാവ് കൊണ്ടുവെച്ച് കേസിൽപ്പെടുത്തി യുവാവിന്റെ പക. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ യുവതി നിരപരാധിത്വം തെളിയിച്ചതോടെ യഥാർഥ പ്രതികൾ കുടുങ്ങി. തിരുവനന്തപുരത്ത് യുവസംരംഭകയുടെ സ്ഥാപനത്തിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലാണ് വഴിത്തിരിവ്.
കൈത്തറി സംരംഭമായ 'വീവേഴ്സ് വില്ല'യുടെ ഉടമയായ വഴയില സ്വദേശി ശോഭാ വിശ്വനാഥനാണ് മാസങ്ങൾ നീണ്ട നിയമപോരാട്ടം നടത്തി തന്റെ നിരപരാധിത്വം തെളിയിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ഇവരുടെ സ്ഥാപനത്തിൽനിന്ന് അര കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. മ്യൂസിയം പോലീസും നർക്കോട്ടിക് വിഭാഗവും ചേർന്ന് ശോഭയെ അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നാണക്കേടിന്റെയും ദുരിതങ്ങളുടെയും നാളുകളായിരുന്നു പിന്നീട്. കഞ്ചാവ് എങ്ങനെ ഷോപ്പിലെത്തി എന്നറിയാത്ത ഇവർ വിഷമിച്ചു.
പക്ഷേ നിരപരാധിത്വം തെളിയിക്കാൻ ശോഭ മുന്നിട്ടിറങ്ങി. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ശോഭ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതികൾ നൽകി. ഏറെ ശ്രമങ്ങൾക്കൊടുവിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഈ അന്വേഷണത്തിലാണ് വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ സുഹൃത്തായിരുന്ന ഹരീഷ് ഹരിദാസ് കുടുക്കിയതാണെന്ന് വ്യക്തമായത്.