അനന്തു എന്നൊരാള്‍ ഇല്ലെന്ന് ഇപ്പോഴുമറിയാതെ രേഷ്മ?
Monday, July 05, 2021
പ്രസവിച്ചയുടന്‍ കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച് കുഞ്ഞ് മരിച്ച കേസില്‍ അറസ്റ്റിലായ രേഷ്മയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണം സംഘം കോടതിയില്‍ അപേക്ഷ നല്‍കി. അറസ്റ്റിലായതിനു പിന്നാലെ രേഷ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇവരെ ജയിലിലെ കൊവിഡ് കെയര്‍ സെന്റിലേക്ക് മാറ്റുകയായിരുന്നു. ഇതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ നടന്നിരുന്നിട്ടില്ല. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കൊവിഡ് നിരീക്ഷണത്തിലാണ് ഇപ്പോൾ രേഷ്മ ഉള്ളത്.
അനന്തു എന്ന ഇതുവരെ കാണാത്ത ഫേസ്ബുക്ക് കാമുകന്‍ തന്റെ ബന്ധുക്കളായ യുവതികളാണെന്ന് രേഷ്മ ഇതുവരെ അറിഞ്ഞിട്ടില്ലെന്നാണ് വിവരം. ജയിലിലെ കൊവിഡ് കേന്ദ്രത്തില്‍ കര്‍ശന പ്രവേശന നിയന്ത്രണം ഉള്ളതിനാല്‍ രേഷ്മ വിവരം അറിയാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊലീസ് പറയുന്നു. വിവരം അറിഞ്ഞാല്‍ രേഷ്മ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നുമറിയില്ല. രേഷ്മയെ കസ്റ്റഡിയില്‍ ലഭിച്ചില്ലെങ്കില്‍ ജയിലില്‍ വെച്ചു തന്നെ ചോദ്യം ചെയ്യും.
ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് രേഷ്മയെ കബളിപ്പിച്ചതെന്ന് വ്യക്തമാക്കിയ കേസിലെ നിര്‍ണായക മൊഴി ഇന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തും. അനന്തു എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി രേഷ്മയെ കബളിപ്പിച്ചത് തങ്ങളാണെന്ന് ആര്യ ഭര്‍തൃമാതാവിനോടും ഗ്രീഷ്മ സുഹൃത്തിനോടും പറഞ്ഞിരുന്നു. ഇരുവരുടെയും രഹസ്യ മൊഴിയാണ് രേഖപ്പെടുത്തുന്നത്.
മെസേജുകളോട് രേഷ്മ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ വേണ്ടിയായിരുന്നു ഈ യുവതികള്‍ രേഷ്മയ്ക്ക് അനന്തു എന്ന പേരില്‍ മെസേജ് അയച്ചത്. മെസേജുകള്‍ കാര്യമായെടുത്ത രേഷ്മ ഫേസ്ബുക്കിലെ അനന്തുവുമായി പ്രണയത്തിലാവുകയായിരുന്നു. ഒന്നര വര്‍ഷത്തോളം ഫേസ്ബുക്കിലൂടെ മാത്രം ഈ ചാറ്റ് തുടര്‍ന്നു. ഒരിക്കലും രേഷ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നില്ല. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്‍ കല്ലുവാതുക്കല്‍ മേവനക്കോണം തച്ചക്കോട്ട് വീട്ടില്‍ രണ്‍ജിത്തിന്റെ ഭാര്യയാണ് 23 കാരിയായ ആര്യ. വിഷ്ണുവിന്റെ സഹോദരി രജിതയുടെ മകളാണ് 21 കാരി ഗ്രീഷ്മ.
അനന്തുവിനോടൊപ്പം ജീവിക്കാന്‍ രേഷ്മ ആഗ്രഹിച്ചിരുന്നു. ഇതിനാലാണ് രണ്ടാമതും ഗര്‍ഭിണിയായ വിവരം രേഷ്മ ഭര്‍ത്താവില്‍ നിന്നു വരെ മറച്ചു വെക്കുകയും കുഞ്ഞിനെ ആരുമറിയാതെ പ്രസവിച്ചയുടന്‍ ഉപേക്ഷിക്കുകയും ചെയ്തത്. ജനുവരി അഞ്ചിന് വീട്ടിലെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം കരിയിലക്കൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു.
കുഞ്ഞിനെ ഉപേക്ഷിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കരുതിയിരിന്നില്ലാത്ത ആര്യയെ അന്വേഷണത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് വിളിപ്പിച്ചത്. എന്നാല്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും കാണാതാവുകയും പിന്നീട് നാട്ടിലെ ഇത്തിക്കരയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പില്‍ ഇവര്‍ പറയുന്നത്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ആര്യ പറഞ്ഞു.
ഈ വര്‍ഷം ആദ്യമാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത്. കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. നാലു മാസത്തിന് ശേഷമാണ് പാരിപ്പള്ളി പോലീസ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കുഞ്ഞ് തന്റേതാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും രേഷ്മ ഏറ്റുപറഞ്ഞത്.