Type Here to Get Search Results !

കോവിഡ് കാരണം കട അടച്ചിട്ടത് രണ്ട് വർഷം; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ് ഉടമ ജീവനൊടുക്കി

 


കോവിഡ് കാലത്ത് തൊഴിൽ ഇല്ലാതായതോടെ സാമ്പത്തിക പ്രതിസന്ധിമൂലം തിരുവനന്തപുരം മുറിഞ്ഞപാലത്ത് ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ് ഉടമ ജീവനൊടുക്കി. മായ സൗണ്ട്‌സ് ഉടമ നിർമ്മൽ ചന്ദ്രൻ ആണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് നിർമ്മൽ ചന്ദ്രൻ ജീവനൊടുക്കിയതെന്ന് സ്ഥാപനത്തിലെ ജീവനക്കാരും ബന്ധുക്കളും പറയുന്നു.

കോവിഡ് സാഹചര്യത്തിൽ രണ്ട് വർഷമായി സ്ഥാപനം പൂട്ടിയിട്ടിരിക്കുകയാണ്. ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനത്തിലെ സാമഗ്രികൾ തുരുമ്പെടുത്ത് നശിക്കുകയാണ്. ഈ മേഖലയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിർമ്മൽ ചന്ദ്രന്റെ നേതൃത്വത്തിൽ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ബന്ധുക്കളോട് സംസാരിച്ചിരുന്നതായി സഹോദരൻ വ്യക്തമാക്കി

ഈ സാഹചര്യത്തിൽ ഉപജീവനത്തിനായി വർക്കലയിൽ കോഴിക്കട നടത്തിവരികയായിരുന്നു നിർമ്മൽ. ഈ കടയിലാണ് നിർമ്മൽ ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്.


ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് നിർമ്മൽ ചന്ദ്രന്റെ കുടുംബം. ബിരുദ വിദ്യാർത്ഥിനിയായ മകൾ അച്ഛന്റെ വിയോഗ വാർത്ത അറിയാതെ പരീക്ഷയ്ക്കായി കോളേജിൽ പോയിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)