തലയുയര്‍ത്തി നില്‍ക്കാന്‍ ആത്മവിശ്വാസമേകി; ആനി ശിവയയുടെ ജീവിതത്തിന് മേല്‍വിലാസം നല്‍കിയത് ഷാജി
Friday, July 02, 2021
ഉറ്റവരെ നഷ്ടപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടിവന്നപ്പോള്‍ ആനി ശിവയ്ക്ക് തണലായത് ബന്ധു ഷാജിയായിരുന്നു. ആനിയുടെ കഴിവില്‍ വിശ്വസിച്ച ആ മനുഷ്യന്‍ അവര്‍ക്ക് കരുത്തേകി സമൂഹത്തില്‍ തലയയുര്‍ത്തി നില്‍ക്കാന്‍ കൈത്താങ്ങായി.
ഒരു ദയയുമില്ലാതെ ഉറ്റവര്‍ സ്വന്തം വീട്ടില്‍ നിന്നും ആനിയയെയും കുഞ്ഞിനെയും ഇറക്കി വിട്ടപ്പോള്‍ ജീവിതത്തില്‍ വിജയിച്ചുകയറണമെന്ന വാശിയായിരുന്നു അവളുടെയുള്ളില്‍. പ്രതിസന്ധികളില്‍ തളരാതെ നോക്കി ആനിക്ക് ഒപ്പംനിന്നത് അപ്പോള്‍ നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശിയായ ഷാജിയെന്ന കെ.എസ്.ആര്‍.ടി.സി. ഡ്രൈവറാണ്.
ആനി ശിവയ്ക്ക് 2014-ല്‍ എസ്.ഐ ടെസ്റ്റിനു പഠിക്കാന്‍ നിര്‍ദേശിക്കുന്നതും ക്ലാസിന് പോകാന്‍ ഇരുചക്രവാഹനം സംഘടിപ്പിച്ചുകൊടുത്തതും ഷാജിയാണ്. അദ്ദേഹം സാമ്പത്തികമായും സഹായിച്ചതുകൊണ്ടാണ് തനിക്ക് എസ്.ഐ. യൂണിഫോം ലഭിച്ചതെന്ന് ആനി ശിവ പറയുന്നു.
നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം പകര്‍ന്നുനല്‍കിയ ഷാജി, തന്റെ വഴികാട്ടിയും സുഹൃത്തും സഹോദരനും പിതാവുമാണെന്നാണ് ആനി ശിവയുടെ വാക്കുകള്‍. 2012-ല്‍ ഒരു ഏജന്‍സി വഴി ആനി ശിവയ്ക്ക് മാലദ്വീപില്‍ ജോലിവാഗ്ദാനം ലഭിച്ചു. എന്നാല്‍, കുടുംബവുമായി വേര്‍പെട്ടതോടെ സര്‍ക്കാര്‍രേഖകളൊന്നും കൈയിലില്ലാത്തതിനാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതിനായി റേഷന്‍ കാര്‍ഡിലൂടെ മേല്‍വിലാസമുണ്ടാക്കാന്‍ സഹായമഭ്യര്‍ഥിച്ചാണ് ആനി ശിവ ഷാജിയുടെ സഹായം തേടുന്നത്. അതിനുശേഷം ഇവരുടെ ജീവിതദുരിതമറിഞ്ഞ് രക്ഷാകര്‍ത്താവാകുകയായിരുന്നു. ഏറെ അലഞ്ഞശേഷം റേഷന്‍കാര്‍ഡ് ലഭിച്ചെങ്കിലും ജോലിക്ക് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞിരുന്നു.
2019 ജൂലായില്‍ കേരള പോലീസ് അക്കാദമിയില്‍വെച്ച് ആനിയുടെ യൂണിഫോമില്‍ എസ്.ഐ.യുടെ നക്ഷത്രചിഹ്നങ്ങള്‍ അണിയിച്ചത് ഷാജിയാണ്. 2021 ജനുവരി 25-ന് ആനി ശിവ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഈ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
ആനി തന്റെ കൊച്ചുമകളാണെന്നും അവള്‍ക്ക് ഇതിലും ഉയരങ്ങളിലെത്താനുള്ള കഴിവുണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് കൂടെനിന്ന് പിന്തുണച്ചതെന്നും ഷാജി പറയുന്നു. പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷം, തിരുവനന്തപുരത്തുനിന്ന് ഷാജി എത്തിയശേഷമാണ് ആനി തന്റെ യൂണിഫോമില്‍ നക്ഷത്രചിഹ്നങ്ങള്‍ ധരിച്ചത്.