ലോക്ക്ഡൗൺ ഒഴിവാക്കി ഇളവുകൾക്കൊപ്പം പരിശോധന കർശനം; കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് പിഴ ഈടാക്കി 55 കോടി രൂപ സർക്കാർ ഖജനാവിൽ
Monday, August 09, 2021
സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗൺ ഒഴിവാക്കി കൂടുതൽ ഇളവുകൾ അനുവദിക്കുകയും പരിശോധന കർശനമാക്കുകയും ചെയ്തതോടെ കേസുകളും പിഴയും കുതിച്ചുയർന്നതായി കണക്കുകൾ. മാസ്‌ക് ധരിക്കാത്തതിൽ മുതൽ സമ്പർക്ക വിലക്ക് ലംഘിച്ചതിന് വരെ പിഴ ഈടാക്കി ഉദ്യോഗസ്ഥർ ഇതുവരെ സർക്കാർ ഖജനാവിലേക്ക് എത്തിച്ചത് 55 കോടിയാണ്.
മേയിൽ 2.60 ലക്ഷം പേർക്കാണ് മാസ്‌ക് ധരിക്കാത്തതിന് പിഴ കിട്ടിയതെങ്കിൽ ജൂണിൽ ഇത് മൂന്ന് ലക്ഷമായി. ജൂലൈയിലാകട്ടെ 4.34 ലക്ഷവും. ഈ ഇനത്തിൽ മാത്രം 55 കോടി രൂപയാണ് ഖജനാവിലെത്തിയത്. മറ്റ് കുറ്റങ്ങൾ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്റെ മനോധർമമനുസരിച്ച് പിഴ കൂടുകയും കുറയുകയും ചെയ്യും. പല കുറ്റങ്ങൾക്കും 1000 മുതൽ 3000 രൂപവരെയാണ് പിഴ ഈടാക്കുന്നത്. ഇതുമൂലം മാസ്‌ക് ലംഘനമൊഴികെ മറ്റ് കുറ്റങ്ങളിൽ ആകെ എത്ര കിട്ടിയെന്നത് സംബന്ധിച്ച കൃത്യമായ തുക ലഭ്യമല്ല. ‘കോവിഡ് മാനദണ്ഡ ലംഘന’മെന്ന നിലയിലാണ് പെറ്റിയെഴുതുന്നത്.
മേയിൽ സംസ്ഥാനത്താകെ 80964 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ജൂണിൽ 1.38 ലക്ഷമായും ജൂലൈയിൽ 2.20 ലക്ഷമായും വർധിച്ചു. മാത്രമല്ല ലംഘനങ്ങൾക്ക് അറസ്റ്റിലാകുന്നവരുടെ എണ്ണവും കൂടി. മേയിൽ 33664 പേരായിരുന്നെങ്കിൽ ജൂണിൽ അറസ്റ്റിലായത് 46,691 പേരാണ്. ജൂലൈയിലാകട്ടെ 46,560ഉം. നിർദേശം പാലിക്കാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതിന് 40195 പേർക്കാണ് മേയിൽ പിടിവീണത്. ജൂണിലിത് 80296ഉം ജൂലൈയിൽ 94609ഉം. സമ്പർക്ക വിലക്ക് ലംഘിച്ചതിന് മേയിൽ 1333 കേസുകളും ജൂലൈയിലിത് 2959 കേസുകളും ആയാണ് കൂടിയത്.