Type Here to Get Search Results !

വീട്ടിൽ കയറി നിരന്തര ആക്രമണം, നീതി ലഭിക്കുന്നില്ല; സ്വത്തുക്കൾ അനാഥാലയത്തിനെഴുതി വച്ച് സമാധാനമായി ജീവിക്കാൻ തീരുമാനിച്ച് സ്റ്റെല്ല

 

വീട്ടിൽ കയറി നിരന്തര ആക്രമണം, നീതി ലഭിക്കുന്നില്ല; സ്വത്തുക്കൾ അനാഥാലയത്തിനെഴുതി വച്ച് സമാധാനമായി ജീവിക്കാൻ തീരുമാനിച്ച് സ്റ്റെല്ല


സ്വത്ത് തട്ടിയെടുക്കാൻ ബന്ധുക്കളുടെ നിരന്തര ഭീഷണിയെയും ഉപദ്രങ്ങളെയും കുറിച്ച് പോലീസിൽ പരാതി നൽകിയിട്ട് നടപടിയില്ല. സ്വന്തം പേരിലുള്ള അറുപത്തിയഞ്ച് സെൻ്റ് ഭൂമി അനാഥാലയത്തിനെഴുതി വെച്ച് ശിഷ്ഠകാലം സമാധാനമായി അനാഥാലയത്തിലെ അന്തേവാസികൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ച് വീട്ടമ്മ.നെയ്യാറ്റിൻകര മാരായമുട്ടം വെള്ളിക്കുഴി വടക്കേക്കര വലിയവിള പുത്തൻവീട്ടിൽ പിസി സ്റ്റെല്ലയ്ക്കാണ് ഈ ഗതികേട്.
സ്റ്റെല്ലയുടെ അമ്മ ഒറ്റമുറി വീടിന് മുന്നിൽ 


"സ്വത്ത് തട്ടിയെടുക്കാൻ എൻ്റെ അമ്മയെ അവർ കൊന്നുകളഞ്ഞു പരാതി നൽകിയിട്ടും അന്വേഷണമില്ല എന്നെയും അവർ കൊല്ലുമെന്ന് മാരായമുട്ടം സിഐയുടെ മുന്നിൽ വച്ച് പറഞ്ഞു, ഉദ്യോഗസ്ഥർ അവർക്കൊപ്പമാണ്, കൈക്കൂലി നൽകാൻ എൻ്റെ കയ്യിൽ പണമില്ല, സ്വത്തുക്കൾ വിറ്റിട്ട് എങ്ങോട്ടെങ്കിലും താമസം മാറണമെന്നുണ്ട് പക്ഷെ അവരുടെ സ്വതീനത്തിൽ എൻ്റെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കി നൽകാൻ വില്ലേജ് ഓഫീസർ തയ്യാറാകുന്നില്ല. ഓലമേഞ്ഞ ഒറ്റമുറി വീട്ടിൽ ചോർച്ചയില്ലാതെ സുരക്ഷിതമായി കിടന്നൊന്ന് ഉറങ്ങാൻ പുതുക്കി പണിയാൻ പണമില്ല, ലോണെടുക്കാൻ പോലും കഴിയുന്നില്ല ഒറ്റയ്ക്ക് താമസിക്കാൻ എനിക്ക് പേടിയാണ്, അതിനാലാണ് അനാഥാലയത്തിലേക്ക് പോകാൻ തീരുമാനിച്ചത് " കണ്ണീരോടെ സ്റ്റെല്ല പറയുന്നു.

അമ്മയുടെ പേരിലുള്ള ഭൂമി തുല്യമായി വീതിച്ചു നൽകിയതിൽ ലഭിച്ച ഒരു ഭാഗമാണ് സ്റ്റെല്ലയുടെ പേരിലുള്ള ഭൂമി. എന്നാൽ അവിവാഹിതയായ സ്റ്റെല്ലയ്ക്ക് അവകാശികൾ ഇല്ലാത്തതിനാൽ സ്വത്തുക്കൾ ബന്ധുക്കൾക്ക് വീതിച്ചു നൽകണമെന്നാണ് ആവശ്യം. നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതികളെ താക്കീത് നൽകിയെങ്കിലും ഉപദ്രവങ്ങൾ അവർ തുടരുകയാണെന്ന് സ്റ്റെല്ല പറയുന്നു. കനാലിൽ കൈയ്യും കാലും ഒടിഞ്ഞ അവസ്ഥയിൽ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന പരാതിയിലും അന്വേഷണം നടന്നില്ല. അഞ്ചു സെൻ്റ് ഭൂമി വീതം നൽകാൻ ഞാൻ സമ്മതിച്ചിരുന്നെങ്കിലും അമ്മയെയും ഇവർ നിരന്തരം ഉപദ്രവിച്ചിരുന്നതിനാൽ അമ്മ അതിനു സമ്മതിച്ചിരുന്നില്ല.ഇപ്പോൾ അമ്മയെ ഇല്ലാതാക്കിയതോടെ മുഴുവൻ സ്വത്തും ഇവർക്ക് എഴുതി നൽകണമെന്നാണ് ആവശ്യം. അനാവശ്യങ്ങൾ പറഞ്ഞു പരത്തുന്നതു കാരണം ആത്മഹത്യ ചെയ്യണമെന്നുണ്ട് എന്നാൽ അതിനുള്ള ധൈര്യവും ദൈവം തനിക്കു തന്നില്ലയെന്ന് ബന്ധുക്കൾ ഉണ്ടായിട്ടും അനാഥയായിട്ട് ജീവിക്കേണ്ടി വരുന്ന സ്റ്റെല്ല പറയുന്നു.

ജോലിക്കു പോയാൽ ജോലി സ്ഥലത്തു വന്ന് ബഹളമുണ്ടാക്കും സഹായിക്കാനായി ആരെങ്കിലും തയ്യാറായാലോ അവരെയും ഭീഷണിപ്പെടുത്തുകയും ചിത്ത പറയുകയും ചെയ്യുന്നതിനാൽ പലപ്പോഴും പട്ടിണിയാണ്.സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർശന നടപടിയെന്ന സർക്കാരിൻ്റെ പുതിയ വാഗ്ദാനത്തിൽ പ്രതീക്ഷ കൈവിടാതെ തനിക്കുണ്ടായ അനുഭവം ഇനിയൊരു സ്ത്രീയ്ക്കും ഉണ്ടാകാതിരിക്കാൻ വീണ്ടും പരാതിയുമായി ഡിജിപി ഉൾപ്പെടെയുള്ളവരെ സമീപിച്ചിരിക്കുകയാണ് സ്റ്റെല്ല.