കേരള പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായി കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. എറണാകുളം തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്എച്ച്ഒ സുരേഷ്കുമാർ, എഎസ്ഐ ജേക്കബ്, സിപിഒ ജ്യോതി ജോര്‍ജ്, തൃശൂർ കൊടകര എസ്എച്ച്ഒ അരുണ്‍ ഗോപാലകൃഷ്ണന് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
ഈ നാല് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ തേടി സംസ്ഥാന പോലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും ഇഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ കത്തയച്ചു. സംസ്ഥാന പോലീസിലെ ചില ഉദ്യോഗസ്ഥർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.
ഇവരെക്കുറിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് ഇഡി വ്യക്തമാക്കി. ഇവരുടെ ഇടപാടുകൾ സംശയകരമാണെന്നാണ് ഇഡി കണ്ടെത്തിയത്. സർവിസ് വിവരങ്ങളാണ് ഇപ്പോൾ തേടിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് ഇവർക്ക് എതിരായി അന്വേഷിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇവർക്കെതിരെ ഏതെങ്കിലും കേസുകൾ നിലവിലുണ്ടോ, മുമ്പ് വകുപ്പുതല നടപടികൾ നേരിട്ടിട്ടുള്ളവരാണോ, കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണോ തുടങ്ങിയ കാര്യങ്ങളാണ് ഇഡി തേടിയിരിക്കുന്നത്.