Type Here to Get Search Results !

ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും

ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പു മന്ത്രി ദുരൈ മുരുകൻ. തമിഴ്‌നാട് സംഘത്തോടൊപ്പം അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ബേബി ഡാമിൽ കോടതി നിർദ്ദേശിച്ച ബലപ്പെടുത്തലുകൾ പൂർത്തിയായ ശേഷം കൂടുതൽ ബലപ്പെടുത്തലിന് അണക്കെട്ടിനു താഴെയുള്ള മൂന്നു മരങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. അതിനുള്ള അനുമതി കേരള സർക്കാർ നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

റൂൾ കർവ് പ്രകാരം ഈ മാസം 10 വരെ 139.50 അടി വരെ ജലനിരപ്പ് ക്രമീകരിക്കാം. തമിഴ്നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് ഡിഎംകെ സർക്കാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചതെന്നായിരുന്നു എഐഡിഎംകെയുടെ ആരോപണം. എന്നാൽ ഇത് തള്ളിയ മന്ത്രി ദുരൈമുരുകൻ റൂൾ കർവ് പ്രകാരമാണ് സ്പിൽ വേ തുറന്നതെന്നും വ്യക്തമാക്കി.

തമിഴ്നാട്ടിലെ അഞ്ചംഗ മന്ത്രിതല സംഘമാണ് ഇന്ന് മുല്ലപ്പെരിയാർ സന്ദർശിച്ചത്. മന്ത്രി ദുരൈമുരുകനൊപ്പം സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിമാരാണ് മുല്ലപ്പെരിയാറിലെത്തിയത്. ഇവർക്കൊപ്പം ഏഴോളം എംഎൽഎമാരും സ്ഥലം സന്ദർശിച്ചു. മുല്ലപ്പെരിയാർ നീണ്ട നാളത്തെ പ്രശ്‌നമാണ്. വകുപ്പു മന്ത്രി എന്ന നിലയിലാണ് അണക്കെട്ടിലെത്തിയത്. എല്ലാ ഡാമുകളും സന്ദർശിക്കുന്നതിന്റെ ഭാഗമാണിത്. വർഷങ്ങളായി ഇത്തരത്തിൽ ഡാമുകൾ സന്ദർശിക്കാറുണ്ടെന്നും ദുരൈമുരുകൻ സൂചിപ്പിച്ചു.

മുല്ലപ്പെരിയാറിനെ കുറിച്ച് പറയാൻ ഒ പളനിസാമിക്കും ഇ പനീർശെൽവത്തിനും ധാർമ്മിക അവകാശമില്ല. പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ദുരൈമുരുകൻ കൂട്ടിച്ചേർത്തു.