ടെസ്റ്റ് ഇല്ലാതെ ഡ്രൈവിംഗ് ലൈസന്‍സ് അടുത്ത മാസം മുതല്‍
അംഗീകൃത പരിശീലന കേന്ദ്രങ്ങള്‍ വഴി ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാത്ത ഇനി ലൈസന്‍സ് നേടാവുന്ന പുതിയ ചട്ടം അടുത്ത മാസം ഒന്നു മുതല്‍ നിലവില്‍ വരും. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ ഭേദഗതി ചെയ്ത് റോഡ് ട്രാന്‍സ്‌പോര്‍ട്ട്- ഹൈവേ മന്ത്രാലയം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍ക്ക് അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ വൈകാതെ ഇല്ലാതാകും. പകരം നിശ്ചിത മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കുന്ന അംഗീകൃത പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനം കഴിഞ്ഞ് റോഡ് പരീക്ഷയില്ലാതെ ഡ്രൈവിങ് ലൈസന്‍സ് നേടാം.
മോട്ടോര്‍ സൈക്കിള്‍, ഓട്ടോറിക്ഷ, കാര്‍ എന്നിവക്കായി പരിശീലനകേന്ദ്രം തുടങ്ങാന്‍ കുറഞ്ഞത് ഒരേക്കര്‍ സ്ഥലം അപേക്ഷിക്കുന്ന ആളുടെ പേരിലോ പാട്ടത്തിനെടുത്ത ഭൂമിയായോ വേണമെന്ന് ചട്ടത്തില്‍ പറയുന്നു. ഹെവി വാഹനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള കേന്ദ്രമാണെങ്കില്‍ രണ്ട് ഏക്കര്‍ സ്ഥലം വേണം. നിലവില്‍ മലപ്പുറം എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് റിസര്‍ച്ച് സെന്ററിലെ കോഴ്‌സ് പൂര്‍ത്തിയാവുന്നവര്‍ക്ക് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സ് നല്‍കുന്നുണ്ട്.
ബയോമെട്രിക് ഹാജര്‍, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി, കുറഞ്ഞത് ഒരു ഓട്ടോറിക്ഷ, കാര്‍, രണ്ട് ക്ലാസ് റൂം എന്നിവ നിര്‍ബന്ധമാണ്. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 29 മണിക്കൂറും ഹെവി വാഹനങ്ങള്‍ക്ക് 38 മണിക്കൂറുമാണ് ക്ലാസ്. തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഡ്രൈവിങ് തിയറി, ഗതാഗത വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന യന്ത്ര അറിവ്, പബ്ലിക് റിലേഷന്‍, പ്രഥമശുശ്രൂഷ, ഇന്ധനക്ഷമത തുടങ്ങിയവയാണ് തിയറി ക്ലാസില്‍ പൊതുവായുള്ളത്. ഹെവി വാഹനങ്ങളുടെ കാര്യത്തില്‍ തിയറിയില്‍ എയ്ഡ്‌സ്, ലഹരി, മദ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, വാഹന റിപ്പയര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നഗര, ഗ്രാമ റോഡുകളില്‍ പ്രാക്ടിക്കല്‍ പരിശീലനത്തിന് കൂടുതല്‍ സമയം നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. രാജ്യത്തെ ചരക്കുനീക്ക മേഖലയില്‍ മികച്ച പരിശീലനം ലഭിച്ച ഡ്രൈവര്‍മാരുടെ സേവനം ഉറപ്പാക്കാനും, അതുവഴി റോഡപകടങ്ങള്‍ കുറയ്ക്കുവാനും ഈ നീക്കം സഹായകരമാകുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.