വില്ലന്മാരിൽ നിന്ന് പോലീസുകാരെ രക്ഷപ്പെടുത്തുന്ന ജയിൽ പുള്ളി; കൈതി തിരക്കഥ തന്റെ കഥ മോഷ്ടിച്ചത്; കാർത്തിയുടെ സിനിമയ്ക്ക് എതിരെ ആരോപണവുമായി കൊല്ലം സ്വദേശി
രണ്ടു വർഷം മുമ്പ് പുറത്തിറങ്ങിയ തമിഴ് സൂപ്പർഹിറ്റ് ചിത്രം ‘കൈതി’ തന്റെ കഥയാണെന്നും അത് മോഷ്ടിക്കപ്പെടുകയായിരുന്നെന്നും ആരോപിച്ച് കൊല്ലം സ്വദേശി രംഗത്ത്. കൈതി സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ യുവാവ് സമർപ്പിച്ച ഹർജിയിൽ നിർമാതാക്കൾക്ക് പ്രിൻസിപ്പൽ സെഷൻസ് കോടതി നോട്ടീസ് അയച്ചു. 2019ൽ ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാർത്തി നായകനായി പുറത്തിറങ്ങിയ കൈതി എന്ന സിനിമയുടെ ഈ ഇതിവൃത്തം 2007ൽ താൻ എഴുതിയ നോവലിൽ നിന്ന് പകർത്തിയതെന്നാണ് കൊല്ലം സ്വദേശി രാജീവ് ഫെർണാണ്ടസിന്റെ പരാതി.
കള്ളക്കടത്തുകാരിൽ നിന്ന് പോലീസുകാരെ രക്ഷപ്പെടുത്തുന്ന ജയിൽ പുള്ളി എന്ന കഥ തന്റേതാണ്. കൊലക്കേസിൽ പ്രതിയാക്കപ്പെട്ട് ചെന്നൈ ജയിലിൽ കഴിയുന്ന കാലത്തുണ്ടായ അനുഭവങ്ങൾ ചേർത്തെഴുതിയതാണ് ഈ കഥയെന്നാണ് രാജീവ് പറയുന്നത്. തന്റെ കഥ സിനിമയാക്കാമെന്നു പറഞ്ഞ് തമിഴ് നിർമ്മാതാവ് തനിക്ക് അഡ്വാൻസ് നൽകിയിരുന്നെന്ന് രാജീവ് പറയുന്നു. പിന്നീട് ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ടിവിയിൽ കൈതി സിനിമ കണ്ടപ്പോൾ മാത്രമാണ് തന്റെ കഥ സിനിമയാക്കിയ കാര്യം അറിഞ്ഞതെന്നും രാജീവ് പറയുന്നു.
എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകർപ്പടക്കമുളള രേഖകൾ രാജീവ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. രാജീവിന്റെ കഥയുടെ അടിസ്ഥാനത്തിൽ സിനിമയുടെ രണ്ടാം ഭാഗം ഇറക്കരുതെന്നാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർമാതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. പരാതിയിൽ വിശദീകരണം നൽകാൻ നിർമാതാക്കൾക്ക് നോട്ടീസും നൽകിയിട്ടുണ്ടെന്നാണ് വിവരം.