Type Here to Get Search Results !

പ്രസവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥയായ യുവതി മരിച്ചു, ഗുരുതര ചികിത്സപ്പിഴവെന്ന് പരാതിയുമായി ബന്ധുക്കള്‍

 



പത്തനംതിട്ടയില്‍ പ്രസവത്തെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥയായ യുവതി മരിച്ചു. നാരങ്ങാനം മുണ്ടപ്ലാവ് നില്‍ക്കുന്നതില്‍ അവിന്‍ ആനന്ദിന്റെ ഭാര്യ പത്തനംതിട്ട കനറാ ബാങ്ക് ഉദ്യോഗസ്ഥയായ ആര്‍.വിദ്യയാണ് മരിച്ചത്. മുപ്പത്വയസ്സായിരുന്നു.

കുഞ്ഞ് സുഖമായിരിക്കുന്നു. യുവതിയുടെ മരണത്തില്‍ ഗുരുതര ചികിത്സപ്പിഴവാണെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൂര്‍ണ ആരോഗ്യവതിയായിരുന്ന വിദ്യയെ 29നാണ് പ്രസവത്തിന് കൊല്ലത്തെ ഉപാസന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

30ന് ഉച്ചയോടെ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തു. തുടര്‍ന്ന് വിദ്യക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. അതിനുള്ള ക്രമീകരണം നടക്കുന്നതിനിടെ രാത്രി 8.30ന് രണ്ടാമതും ഹൃദയാഘാതം ഉണ്ടായെന്നും മരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

മൃതദേഹം വെള്ളിയാഴ്ച രാവിലെ 11ന് ഇലന്തൂര്‍ പരിയാരത്തെ വീട്ടില്‍ എത്തിച്ച് ഉച്ചക്ക് രണ്ടിന് സംസ്‌കരിക്കും. ഭര്‍ത്താവ് അവിന്‍ അഗര്‍ത്തല ഒ.എന്‍.ജി.സിയില്‍ എന്‍ജിനീയറാണ്. രണ്ടര വയസ്സുള്ള ആദ്രിക് അവിന്‍ മകനാണ്. ചവറ പുതുക്കാട് വിപിന്‍ഭവനത്തില്‍ വിജയാധരെന്റയും രമാദേവിയുടെയും മകളാണ് വിദ്യ.