Type Here to Get Search Results !

ചന്ത കവല ടിബി റോഡിലെ പെൺ വാണിഭ കേന്ദ്രത്തിലെ ഗുണ്ടാ ആക്രമണത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

 


കോട്ടയം ചന്ത കവല ടിബി റോഡിലെ പെൺ വാണിഭ കേന്ദ്രത്തിലെ ഗുണ്ടാ ആക്രമണത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അക്രമത്തിന് ആസൂത്രണം നൽകുകയും പങ്കെടുക്കുകയും ചെയ്ത ആളുകളെ പിടികൂടിയത്. പൊൻകുന്നം കോയിപ്പള്ളി സ്വദേശി അജ്മൽ ആണ് അക്രമം സംഭവത്തിൽ നേരിട്ട് പങ്കാളിയായ ഒരാൾ.

ഇയാളുടെ അറസ്റ്റ് കോട്ടയം വെസ്റ്റ് പോലീസ് രേഖപ്പെടുത്തി. അക്രമത്തിന് ഗൂഢാലോചന നൽകിയ കോട്ടയം മല്ലപ്പള്ളി സ്വദേശിനിയായ ശ്രുതി എന്ന സുലേഖയും പോലീസിന്റെ വലയിലായി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.


ചന്ത കവലയിലെ പെൺ വാണിഭ കേന്ദ്രത്തിൽ അക്രമം നടത്തിയത് പെൺവാണിഭ സംഘങ്ങൾക്കിടയിലെ കുടിപ്പക മൂലമാണെന്ന് നിർണായക കണ്ടെത്തൽ ആണ് കോട്ടയം പോലീസ് നടത്തിയത്. അക്രമത്തിൽ പരിക്കേറ്റ സാൻ ജോസഫ്, അമീർ ഖാൻ, സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട തിരുവനന്തപുരം സ്വദേശി ഷിനു എന്നിവർ ചേർന്ന് മറ്റൊരു പെൺവാണിഭസംഘത്തിന്റെ നടത്തിപ്പുകാരനായ മാനസ് മാത്യുവിനെ ആക്രമിച്ചിരുന്നു. ഇതിനെ തുടർന്നുള്ള കുടിപ്പകയാണ് കഴിഞ്ഞദിവസം നടന്ന അക്രമത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.


മുൻപ് ഈ സംഘങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. അന്നുണ്ടായ സാമ്പത്തിക തർക്കം ആണ് കുടിപ്പകയിലേക്ക് മാറിയത്. ഇതിനെത്തുടർന്നാണ് അക്രമത്തിന് ഗൂഢാലോചന നടത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. അക്രമത്തിന് ആയി തിരുവനന്തപുരത്തെ കൊട്ടേഷൻ സംഘത്തെ ആണ് നിയോഗിച്ചത് എന്നും കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.സംഭവത്തിൽ കൂട്ടു പ്രതികളെക്കുറിച്ചുള്ള മുഴുവൻ വിവരവും ലഭിച്ചതായി പോലീസ് പറയുന്നു.


ഇവരുടെ അറസ്റ്റും വളരെ വേഗത്തിൽ തന്നെ ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കോട്ടയത്ത് ചന്ത കവലയിൽ പെൺവാണിഭസംഘം നടത്തിയവർക്കെതിരെയും കേസെടുക്കും. ഇവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കിടക്കുന്നതേയുള്ളൂ. രണ്ടുപേർ ആശുപത്രിയിൽ കഴിയുന്നത് ഒഴിച്ചാൽ പൊൻകുന്നം സ്വദേശിയായ യുവതിയും തിരുവനന്തപുരം സ്വദേശി ഷിനുവും പോലീസ് നിരീക്ഷണത്തിലാണ്.