നിക്ഷേപകരോടുള്ള സമീപനത്തില്‍ കേരളം യുപിയെ മാതൃകയാക്കണമെന്ന്
കിറ്റെക്സ് എംഡി സാബു ജേക്കബ്. നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ പിന്നിലായിരുന്ന യുപി എങ്ങനെ രണ്ടാം സ്ഥാനത്തെത്തിയെന്ന് നാം മനസിലാക്കണം.
യുപിയില്‍ മുഖ്യമന്ത്രി നേരിട്ടാണ് പുതിയ വ്യവസായങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു. മലയാള മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് സാബു ജേക്കബിന്റെ പ്രതികരണം.
കേരളത്തില്‍ കിറ്റെക്സ് നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ തമിഴ്നാട്, ഗുജറാത്ത്, ഒഡിഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണം ലഭിച്ചു. വ്യവസായികളെ ക്ഷണിക്കുന്ന സമീപനമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം ഉള്ളത്. അതിന് പുറമെ കിറ്റെക്സിന്റെ പുതിയ പദ്ധതിക്ക് പ്രത്യേകമായി എന്തെല്ലാം വേണമെന്നാണ് പലരും ചോദിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രിമാര്‍ വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ വിളിച്ചെന്നും സാബു ജേക്കബ് പറഞ്ഞു.
അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് കേരള സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നതായി സാബു ജേക്കബ് അറിയിച്ചത്. ഒരു അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനായിരുന്നു ധാരണപത്രം. ഒരു മാസത്തിനിടെ കിറ്റെക്സില്‍ 11 പരിശോധനകള്‍ നടന്നെന്നും എന്നാല്‍ തെറ്റായി ഒന്നും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നില്ലെന്നും കിറ്റെക്സ് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അതേസമയം, വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. കിറ്റെക്സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.