നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ തണൽ മരങ്ങൾ മുറിച്ചു കടത്താനുള്ള മാഫിയകളുടെ ഗൂഡനീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും പ്രതിക്ഷേധവുമായി രംഗത്തെത്തി. . ഒരു കേടുപാടുകളും ഇല്ലാത്ത അഞ്ചു കൂറ്റൻ തണൽ മരങ്ങളാണ് മുറിച്ചു മാറ്റാൻ നീക്കം നടക്കുന്നതെന്നാണ് ആക്ഷേപമുള്ളത്. വർഷങ്ങളായി ആശുപത്രിയുടെ മുന്നിൽ തണലിനു വേണ്ടി നാട്ടു വളർത്തിയതാണ് ഈ തണൽ മരങ്ങൾ .ഒരിക്കൽ പോലും മരച്ചില്ല വീണോ മറ്റോ ഒരു അപകടം പോലും ഇവിടെ ഉണ്ടായിട്ടില്ല.
ചുളുവിൽ മരങ്ങൾ മുറിച്ചു വിൽക്കാൻ ഭൂമാഫിയായും ബ്ലേഡ് മാഫിയായുമാണ് താൽപര്യവുമായി ഇതിനു പിന്നിലുള്ളതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു .ആശുപത്രിയിൽ എത്തുന്ന നൂറു കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ധാരാളം ഓക്‌സിജനും ,തണലും നൽകിയാണ് ഈ മരങ്ങൾ നിലകൊള്ളുന്നത് .രാത്രികാലങ്ങളിൽ നിരവധി ദേശാടനക്കിളികളടക്കം പക്ഷികളുടെ ആവാസകേന്ദ്രമാണ് ഈ മരങ്ങൾ.ഇലക്ട്രിസിറ്റി ബോർഡും , താലൂക് അധികാരികളും ,വനം വകുപ്പും ,ഫയർ ഫോഴ്‌സും ചേർന്നാണ് മരം മുറിക്കുവാൻ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അടുത്തിടെ നടന്ന മുട്ടിൽ മരം മുറിക്കൽ വിവാദമായിരിക്കെ സർക്കാരിലെ ചില അഴിമതിക്കാരായ ഏജൻസികളെ കൊണ്ടാണ് മരത്തിനു കോടാലിവയ്ക്കാൻ ഉത്തരവ് ഉണ്ടാക്കിയെടുത്തതെന്നു ആക്ഷേപം നിലനിൽക്കുന്നുണ്ട് .
തണൽ മരങ്ങളുടെ ശിഖരങ്ങൾ കോർപ്പ് ചെയ്‌താൽ പോരേയെന്നു പരിസ്ഥിതി പ്രവർത്തകർ ആരായുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ പിറകിൽ പോലീസ് സമുച്ചയത്തിന്റെ മുന്നിലായി അപകടാവസ്ഥയിൽ നിന്ന ഞാറമരത്തിൻ്റെ ശിഖരങ്ങൾ കോതിയ നിലയിൽ നിലകൊള്ളുമ്പോഴും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ തണൽ മരം മാത്രം മുറിച്ചു മാറ്റാൻ ആശുപത്രി അധികൃതർ തിടുക്കം കൂട്ടുന്നതിനു പിന്നിൽ വൻ ഗൂഡാലോചനയുണ്ടെന്ന് വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകളും പറയുന്നു .
നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലനെ ആശുപത്രി സംരക്ഷണ സമിതി സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലൻ വിഷയവുമായി സമീപിച്ചപ്പോൾ ഒരു കാരണവശാലും മരം മുറിക്കില്ല ശിഖരങ്ങൾ മുറിക്കുകയേയുള്ളുവെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ആശുപത്രി സൂപ്രണ്ട് മരങ്ങളെല്ലാം കൂടി 2000 രൂപയ്ക്ക് മുറിക്കാൻ അനുമതി നൽകി എന്നതിൽ ഉറച്ചു നിൽക്കുകയാണ്. തഹസീൽദാർ പരിശോധിച്ച ശേഷം മറുപടി പറയാമെന്ന് പറഞ്ഞിട്ടുണ്ട്.ഇതിനു പിന്നിലെ സൂപ്രണ്ടിൻ്റെ വ്യക്തിതാൽപര്യം ഒരു രീതിയിലും അനുവദിക്കാനാകില്ലെന്നും എന്ത് വില കൊടുത്തും ഇതിനെ തടയുമെന്ന് നെയ്യാറ്റിൻകര സത്യശീലൻ വ്യക്തമാക്കി.