സർക്കാരിന്റെ സൗജന്യക്കിറ്റ് വിതരണം; ആവശ്യത്തിന് കിറ്റ് കിട്ടുന്നില്ലന്ന പരാതിയുമായി റേഷൻ വ്യാപാരികൾ
Tuesday, August 10, 2021
ഓണമടുക്കുമ്പോഴും എങ്ങുമെത്താതെ സർക്കാരിന്റെ സൗജന്യക്കിറ്റ് വിതരണം. മുൻഗണന ക്രമത്തിലുള്ള മഞ്ഞ, പിങ്ക് ഇനങ്ങളിലെ കാർഡ് ഉടമകൾക്ക് കഴിഞ്ഞ ശനിയാഴ്ചക്കകം കിറ്റ് വിതരണം പൂർത്തിയാക്കണമെന്നായിരുന്നു സർക്കാർ നൽകിയ നിർദ്ദേശം.
ഈ രണ്ട് വിഭാഗത്തിലുമായി 35 ലക്ഷം ഗുണഭോക്താക്കളുണ്ടെന്നാണ് കണക്ക്. എന്നാൽ ഇതുവരെ എട്ട് ലക്ഷത്തോളം കിറ്റുകൾ മാത്രമാണ് വിതരണം ചെയ്യാൻ സാധിച്ചിട്ടുള്ളത്. റേഷൻ കടകളിലേക്ക് ആവശ്യത്തിന് കിറ്റ് ലഭിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം.
സാധനങ്ങളുടെ ലഭ്യതക്കുറവും പാക്കിംഗിൽ എടുക്കുന്ന കാലതാമസവുമാണ് വിതരണം വൈകാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. 18ന് മുൻപ് മുഴുവൻ ആളുകൾക്കും കിറ്റ് നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ചെറുപയർ, കടല, അണ്ടിപ്പരിപ്പ് തുടങ്ങിയവയുടെ ലഭ്യതക്കുറവും വിതരണം വൈകുന്നതിനുള്ള കാരണമായി സർക്കാർ പറയുന്നു.
ഈ സ്ഥിതി തുടരുകയാണെങ്കിൽ ഈ മാസം അവസാനിച്ചാലും മുൻഗണന ക്രമത്തിലുള്ളവരുടെ കിറ്റ് പോലും നൽകിത്തീരില്ലെന്ന് റേഷൻ കടയുടമകൾ പറയുന്നു. കിറ്റുകൾ വിതരണം ചെയ്ത വകയിൽ ലഭിക്കാനുള്ള 10 മാസത്തെ കുടിശ്ശിക ഓണക്കാലത്തെങ്കിലും തന്ന് തീർക്കണമെന്നും കടയുടമകൾ അഭ്യർത്ഥിക്കുന്നു.