കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ടി ആർ സുനിൽകുമാർ അറസ്റ്റിലായി
Tuesday, August 10, 2021
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ടി ആർ സുനിൽകുമാറിനെ തൃശൂർ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഈ കേസിലെ ഒന്നാം പ്രതിയും സഹകരണ ബാങ്ക് മുൻ സെക്രട്ടറിയുമായിരുന്ന സുനിൽകുമാർ ഇരിങ്ങാലക്കുട തളിയക്കോണം തൈവളപ്പിൽ സ്വദേശിയാണ്. കഴിഞ്ഞ 21 വർഷമായി കരുവന്നൂർ ബാങ്കിന്റെ സെക്രട്ടറിയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പ്രതി പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
പേരാമംഗലം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഉണ്ടെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം എറണാകുളം റേഞ്ച് ക്രൈംബ്രാഞ്ച് ഐജിപി ഗോപേഷ് അഗ്രവാൾ ഐപിഎസ്, തൃശൂർ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി എ ഉല്ലാസ്, പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോർജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു പ്രതികൾക്കായി ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ക്രൈംബ്രാഞ്ച് പൊലീസ് പല സംഘങ്ങളായി ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.