Type Here to Get Search Results !

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് ജീവിതാന്ത്യം വരെ കഠിന തടവ്


പ്രണയം നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. കേസില്‍ കല്ലായി കപ്പക്കല്‍ മുണ്ടി പറമ്പില്‍ വീട് മുഹമ്മദ് ഹര്‍ഷാദിന് ജീവിതാന്ത്യം വരെ കഠിനതടവും പിഴയുമാണ് കോഴിക്കോട് പോക്സോ കോടതി വിധിച്ചത്. അഡീഷണല്‍ ജില്ല & സെഷന്‍സ് ജഡ്ജ് ദിനേശ്.സി.ആര്‍ ആണ് ശിക്ഷ വിധിച്ചത്.

പിഴശിക്ഷക്കൊപ്പം പ്രതി ജീവിതാന്ത്യം വരെ കഠിന തടവില്‍ ജയിലില്‍ കഴിയണമെന്ന് കോടതി വിധിച്ചു. പിഴത്തുകയില്‍ ഒരു ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കും. വയറുവേദനയാണെന്ന് പറഞ്ഞ പെണ്‍കുട്ടി പുലര്‍ച്ചെ കുളിമുറിയില്‍ പ്രസവിച്ചതോടെയാണ് ക്രൂരത വീട്ടുകാര്‍ അറിയുന്നത്.

ഉടന്‍ പെണ്‍കുട്ടിയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ, പോലീസില്‍ പരാതിയും നല്‍കി. പിന്നീട് നടന്ന അന്വേഷണത്തിലാണ് മുഹമ്മദ് ഹര്‍ഷാദ് പിടിയിലായത്. അന്വേഷണത്തില്‍ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പ്രതിയെന്ന് പോലീസ് കണ്ടെത്തി. അപൂര്‍വ്വവും മാതൃകാപരവുമായ ശിക്ഷാവിധിയാണെന്ന് കേസില്‍ ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സുനില്‍ കുമാര്‍ പറഞ്ഞു.