പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Friday, September 24, 2021
വീണ്ടും ചെന്നൈയെ ഞെട്ടിച്ച് പ്രണയാഭ്യർഥന നിരസിച്ചതിനെ ചൊല്ലി കൊലപാതകം. താംബരം റെയിൽവേ സ്റ്റേഷനുസമീപത്ത് വെച്ച് കോളേജിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. എംസിസി കോളേജ് വിദ്യാർത്ഥിനിയെയാണ് പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് കൊലപ്പെടുത്തിയത്.
ക്രോംപ്പെട്ട് ഭാരതി നഗറിലെ ശ്വേതയെ (20) ആണ് കാർ കമ്പനി ജീവനക്കാരനായ രാമചന്ദ്രൻ (23) കുത്തിക്കൊന്നത്. താംബരം എംസിസി കോളേജിൽ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (ഡിഎംഎൽടി) രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ശ്വേത. ശ്വേതയെ കുത്തിയശേഷം രാമചന്ദ്രൻ കഴുത്തിൽ സ്വയംകുത്തി ആത്മഹത്യചെയ്യാനും ശ്രമിച്ചു.
പോലീസെത്തി രണ്ടുപേരെയും ക്രോംപ്പെട്ട് ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്വേത മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മൂന്നുവർഷമായി ശ്വേതയും രാമചന്ദ്രനും പരിചയമുണ്ടായിരുന്നുവെന്നും ഇരുവരും ഒരുമിച്ചാണ് സബർബൻ തീവണ്ടിയിൽ യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം തീവണ്ടിയാത്രയ്ക്കിടെ രാമചന്ദ്രനുമായി പിണങ്ങിയ ശ്വേത താംബരം റെയിൽവേ സ്റ്റേഷനിലിറങ്ങുകയായിരുന്നു.
ഇതിൽ പ്രകോപിതനായ യുവാവ് ശ്വേത കോളേജിലേക്ക് പോകുമ്പോൾ പിറകെയെത്തിയ രാമചന്ദ്രൻ ശ്വേതയുമായി തർക്കത്തിലായി. തുടർന്ന് പോക്കറ്റിൽ സൂക്ഷിച്ച കത്തിയെടുത്ത് ശ്വേതയെ കുത്തുകയായിരുന്നു.