Type Here to Get Search Results !

നോക്കു കൂലി നൽകിയില്ല; വാർക്കപ്പണിക്കാരെ ചുമട്ടു തൊഴിലാളികൾ മർദ്ദിച്ചു


വീണ്ടും നോക്കുകൂലിയെ ചൊല്ലി തിരുവനന്തപുരത്ത് സംഘർഷം. നോക്കുകൂലി നൽകാത്തതിന് വാർക്കപ്പണിക്കാരെ ചുമട്ടു തൊഴിലാളികൾ മർദ്ദിച്ചു. പോത്തൻകോട് നന്നാട്ടുകാവ് കടുവാക്കുഴിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.

ബഹളം വെച്ച ചുമട്ടു തൊഴിലാളിൾ ഇവരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. വാർക്കപ്പണി മേസ്തിരിയായ മണികണ്ഠനും മറ്റു മൂന്നു തൊഴിലാളികൾക്കും മർദ്ദനമേറ്റിട്ടുണ്ട്. സംഭവം മൊബൈലിൽ പകർത്തിയയാളെയും ഇവർ മർദ്ദിച്ചു.

സംഭവസ്ഥലത്തെത്തിയ പോത്തൻകോട് പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.

ചെങ്ങന്നൂർ സ്വദേശി വയ്ക്കുന്ന വീടു പണിക്കാവശ്യമായ കമ്പിയും മറ്റു സാധനങ്ങളും കരാറുകാരൻ കൊണ്ടു വന്നപ്പോൾ നോക്കു കൂലിയായി 10,000 രൂപ ചുമട്ടു തൊഴിലാളികൾ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഇത് നൽകാൻ തയ്യാറാകാത്തതോടെ കരാറുകാരനെ ചുമട്ടു തൊഴിലാളികൾ മർദ്ദിക്കുകയായിരുന്നു.

ഐഎൻടിയുസി, സിഐടിയു എന്നീ യൂണിയനുകളിൽപെട്ട പതിനഞ്ചോളം പേരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് പരാതിക്കാർ പറയുന്നു.