Type Here to Get Search Results !

മലയാളി താരം സഞ്ജു സാംസണിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍


 മലയാളി താരം സഞ്ജു സാംസണിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. പഞ്ചാബ് കിങ്സിനെതിരെയും ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെയാണ് സ‍ഞ്ജുവിനെതിരെ വിമര്‍ശനവുമായി ഗവാസ്കര്‍ എത്തിയത്. സഞ്ജുവിന്റെ ഷോട്ട് സെലക്ഷന്‍ മോശമാണെന്നാണ് ഗവാസ്കര്‍ ചൂണ്ടിക്കാണിക്കുന്നത്. ക്രീസിലെത്തുന്നതു മുതൽ ആക്രമിച്ചു കളിക്കാനുള്ള നീക്കം സഞ്ജു ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ദൈവം തന്ന കഴിവ് ഇങ്ങനെ നശിപ്പിക്കരുതെന്നും ഗാവസ്കർ സഞ്ജുവിനോട് ആവശ്യപ്പെട്ടു. 


‘സഞ്ജുവിനെ എല്ലായ്പ്പോഴും ചതിക്കുന്നത് അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനാണ്. രാജ്യാന്തര ക്രിക്കറ്റിലായാൽപ്പോലും സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്യാറില്ല. അദ്ദേഹം വൺഡൗണോ സെക്കന്റ് ഡൗണോ ആയിട്ടാണ് ബാറ്റിങ്ങിന് എത്താറുള്ളത്. പക്ഷേ, ക്രീസിലെത്തിയാൽ ആദ്യ പന്തുതന്നെ അതിർത്തി കടത്തണമെന്ന് വാശിയുള്ളതുപോലെയാണ് കളി. അത് ഏറെക്കുറേ അസാധ്യമായ ഒരു പ്രവര്‍ത്തിയാണ്’ – ഗാവസ്കർ ചൂണ്ടിക്കാട്ടി. ദൈവം സഞ്ജുവിന് എല്ലാ കഴിവും നല്‍കി. എന്നാല്‍ സഞ്ജു ആ കഴിവ് നശിപ്പിച്ച്‌ കളയുന്നു. ദേശീയ ടീമില്‍ സാന്നിധ്യം ഉറപ്പിക്കണം എങ്കില്‍ സഞ്ജു ഷോട്ട് സെലക്ഷനില്‍ കൂടുതല്‍ ശ്രദ്ധ വച്ച്‌ മുന്‍പോട്ട് പോകണം എന്നും ഗാവസ്‌കര്‍ പറഞ്ഞു.