Type Here to Get Search Results !

സംസ്ഥാനത്ത് 18 പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സീന്‍ നല്‍കാന്‍ തീരുമാനം. മുന്‍ഗണനാ നിബന്ധനയില്ലാതെ കുത്തിവയ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി


 
സംസ്ഥാനത്ത് 18 പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സീന്‍ നല്‍കാന്‍ തീരുമാനം. മുന്‍ഗണനാ നിബന്ധനയില്ലാതെ കുത്തിവയ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം രോഗബാധിതര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരും. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.
നിലവില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യത അനുസരിച്ചായിരുന്നു സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം നടത്തി വന്നിരുന്നത്. പ്രായമായവര്‍, നാല്‍പത്തിയഞ്ച് വയസ് കഴിഞ്ഞവര്‍, പതിനെട്ടിനും നാല്‍പത്തിനാലിനും ഇടയില്‍ മുന്‍ഗണന വേണ്ടവര്‍ എന്നിങ്ങനെ വിഭാഗങ്ങളെ നിശ്ചയിച്ചായിരുന്നു വിതരണം. എന്നാല്‍ കേന്ദ്രം വാക്‌സിന്‍ വിതരണ നയം മാറ്റുകയും വാക്‌സിനുകളുടെ ലഭ്യത ഉറപ്പാവുന്ന സാഹചര്യം വരുകയും ചെയ്യതോടെയാണ് ഉപാധികളില്ലാതെ വിതരണം നടത്തുന്നത്.

ഇതോടെ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 20 ദിവസത്തിനിടെ 20 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനത്ത് എത്തിയത്. ഇത് സംസ്ഥാനത്തെ വാക്‌സിന്‍ ലഭ്യതയും വര്‍ദ്ധിപ്പിച്ചു.

വാക്‌സിന്‍ ലഭ്യത നിലവിലെ സ്ഥിതിയില്‍ തുടര്‍ന്നാല്‍ കേരളത്തില്‍ വാക്‌സിനേഷനില്‍ വലിയ മുന്നേറ്റം സൃഷടിക്കുന്ന തീരുമാനമാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്നത്.