നവംബറിൽ സ്‌കൂൾ തുറന്നാലും ആദ്യആഴ്ച ക്ലാസുകൾ ഒന്നോ രണ്ടോ മണിക്കൂർ മാത്രം
Monday, September 20, 2021
സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറന്നാലും ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ് മതിയെന്ന് വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുത്തേക്കും. ക്ലാസ് തുടങ്ങിയ ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തി ഘട്ടംഘട്ടമായി സമയദൈർഘ്യം കൂട്ടാനാണ് ശ്രമം.
പ്രൈമറി മുതൽ മേലോട്ടുള്ള ക്ലാസുകളിൽ മുഴുവൻ പിരീയഡും ക്ലാസ് ആദ്യഘട്ടത്തിൽ വേണ്ട എന്നതാണ് ഇപ്പോഴത്തെ ആലോചന. ഷിഫ്റ്റ്, പീരിയഡ്, യാത്രാ സൗകര്യം എല്ലാറ്റിലും വിശദമായ ചർച്ചക്ക് ശേഷമാകും അന്തിമതീരുമാനം.
പ്ലസ് വൺ പരീക്ഷക്കും പ്ലസ് വൺ പ്രവേശന നടപടികൾക്കും ഇടയിൽ സ്‌കൂൾ തുറക്കുന്നത് അധ്യാപകർക്ക് വെല്ലുവിളിയാണ്. കുട്ടികൾക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസവകുപ്പിന് പ്രൈമറി ക്ലാസിലെ കൂട്ടികളുടെ കാര്യത്തിലെ ആശങ്ക നീങ്ങിയിട്ടില്ല. കുട്ടികൾക്ക് ഇനിയും വാക്‌സിൻ ആയിട്ടില്ല. കുട്ടികളാകട്ടെ മുഴുവൻ സമയവും മാസ്‌ക് ഇടുമോ എന്ന് ഉറപ്പില്ല, കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ കുഞ്ഞുങ്ങൾക്കിടയിലെ സാമൂഹ്യ അകലമെല്ലാം പ്രശ്‌നമാണ്.
വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധ മുഴുവൻ പ്ലസ് വൺ പരീക്ഷാ നടത്തിപ്പിലായിരിക്കെയാണ് ക്ലാസ് തുറക്കുന്നത്. 23 മുതൽ അടുത്ത മാസം വരെയാണ് പ്ലസ് വൺ പരീക്ഷ. ഈ മാസം 22 ന് പ്ലസ് വണ്ണിന്റെ ആദ്യ അലോട്ട്‌മെൻറ് പട്ടിക പ്രസിദ്ധീകരിക്കും. പരീക്ഷക്കൊപ്പം പ്രവേശന നടപടികളും തുടങ്ങേണ്ടിവരും.